ബദ്‌റിന്റെ ഓര്‍മ്മപ്പെടുത്തല്‍


| മുഹമ്മദ് അബൂബക്കര്‍ വി.പി വള്ളിക്കാപ്പറ്റ |

'അല്ലാഹുവേ.. എന്നോടുള്ള നിന്റെ കരാര്‍ നീ വീട്ടുക. ഈ ചെറു സംഘം ഇവിടെ പരാജയപ്പെട്ടു പോയാല്‍ പിന്നീട് നിന്നെ ആരാധിക്കുന്ന ഒരു മനുഷ്യനും ഈ ഭൂലോകത്ത് ഉണ്ടാവുകയില്ല' എന്ന റസൂലിന്റെ പ്രാര്‍ത്ഥനയുടെ വിജയമാണ് ബദ്ര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഇസ്‌ലാം മര്‍ദ്ദിക്കാനോ ആക്ഷേപിക്കാനോ സ്വത്ത് കവരാനോ അല്ല പഠിപ്പിക്കുന്നത്. 'പിന്നെയെങ്ങനെയാണ് ബദ്ര്‍ യുദ്ധക്കളമായത്? 'മക്കയിലെ പതിമൂന്ന് വര്‍ഷത്തെ ഇസ്ലാമിക പ്രബോധന കാലയളവില്‍ പീഡനങ്ങളും യാതനകളുമെല്ലാം ഏറ്റുവാങ്ങിയെന്നല്ലാതെ പ്രതിരോധിക്കാന്‍ നബിയും സ്വഹാബത്തും അല്‍പം പോലും തുനിഞ്ഞില്ല. എല്ലാം ക്ഷമിച്ചും സഹിച്ചും അല്ലാഹുവിലേക്ക് സ്വയം അര്‍പ്പിച്ചും അവര്‍ അവനില്‍ അളവറ്റ പ്രതീക്ഷയിലായിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ മദീനയിലേക്ക് നാഥന്റെ അനുമതി പ്രകാരം പലായനം ചെയ്തു. കുറച്ചു കാലങ്ങള്‍ക്കു ശേഷം പീഡനങ്ങളും ഭക്ഷണ, കച്ചവട ഉപരോധവുമായി അവിടെയും സ്ഥിതി കാഠിന്യമായപ്പോള്‍ അവര്‍ അല്ലാഹുവിനോട് സഹായം തേടുകയായിരുന്നു.

ഉപരോധമാവാം എന്നുള്ള അല്ലാഹുവിന്റെ കല്പനപ്രകാരം ചില ഉപരോധങ്ങള്‍ ബദറിന്റെ മുമ്പ് അരങ്ങേറി. എട്ട് സൈനിക നീക്കങ്ങള്‍ നടന്നു. അതില്‍ നാലെണ്ണത്തില്‍ നബി (സ്വ) നേതൃത്വം നല്‍കി. മറ്റുള്ളവയ്ക്ക് മുഹാജിറുകളായ സൈനിക തലവന്മാരും നേതൃത്വം നല്‍കി. മക്കയില്‍നിന്ന് മദീനയിലേക്ക് എത്തിയെങ്കിലും ഖുറൈശികള്‍ പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ദുര്‍ബലരായ വൈദികരെയും ഖുറൈശികള്‍ പീഡിപ്പിച്ചു. ഇതിനെല്ലാം ഒരു അറുതി വരുത്താന്‍ ഇടയ്ക്കിടെ ഉണ്ടായ സൈനിക നീക്കങ്ങള്‍ക്ക് സാധിച്ചു.

സ്വത്തും നാടും സമ്പാദ്യവും ഉപേക്ഷിച്ച് നാടുവിട്ട നബി (സ്വ) ക്കും സ്വഹാബത്തിനും പട്ടിണിയും ദാരിദ്ര്യവും അതി കാഠിന്യമായ അവസരത്തിലാണ് തങ്ങളുടെ സ്വത്ത് കൈവരിച്ച് കച്ചവടം ചെയ്ത് വന്‍ ലാഭവുമായി അബൂസുഫിയാനും എഴുപതില്‍ പരം വരുന്ന ഖുറൈശികളും ബദ്‌റില്‍ സംഘടിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. അവരെ തടയുക എന്ന ലക്ഷ്യമൊഴികെ മറിച്ചൊന്നും റസൂല്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ഈ വിവരം അറിഞ്ഞ അബൂസുഫിയാനും സംഘവും ഒരു ദൂതനെ മക്കയിലേക്ക് അയക്കുകയും മുഹമ്മദും സംഘവും നമ്മുടെ സ്വത്ത് കൈവരിക്കാന്‍ വരുന്നുണ്ടെന്നും അവരെ തടയുവാന്‍ വേണ്ടി നാം എത്രയും പെട്ടെന്ന് പുറപ്പെടണം എന്നും അറിയിച്ചു. ഖുറൈശി തലവനായ അബൂജഹലും ആയിരം വരുന്ന ഖുറൈശി പടയണിയും ബദറിലേക്ക് പുറപ്പെട്ടു.  ഞങ്ങള്‍ കടല്‍മാര്‍ഗ്ഗം മക്കയില്‍ പ്രവേശിച്ചിരിക്കുന്നു, നിങ്ങള്‍ തിരിച്ചു വരിക എന്ന് അബൂജഹലിന് അബൂസുഫിയാന്‍ സന്ദേശം നല്‍കി. പക്ഷേ അഹങ്കാരിയായ അബൂജഹല്‍ ഞങ്ങള്‍ ബദ്‌റില്‍ എത്തിയതിനുശേഷം മാത്രമേ മടങ്ങുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു. അങ്ങനെ നബിയും സ്വഹാബത്തും ബദ്ര്‍ മലയുടെ താഴ്വരയിലും ഖുറൈശികള്‍ പുറത്തുമായി തമ്പടിച്ചു. ഹക്കീം എന്ന ഗോത്രം ആദ്യമായി നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളോട് യുദ്ധം ചെയ്യാന്‍ മുന്നോട്ടുവന്നു. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് സ്വഹാബത്ത് യുദ്ധക്കളത്തിലേക്ക് ചാടി വീണു. തദവസരം നബി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു 'ഈ ചെറു സഖ്യത്തെ സഹായിച്ചില്ലെങ്കില്‍ പിന്നെ നിന്നെ ആരാധിക്കാന്‍ ഈ ഭൂമിയില്‍ ആരും ഉണ്ടാവുകയില്ല.' അങ്ങനെ അല്ലാഹുവിന്റെ സഹായത്തോടെ മുസ്‌ലിം പക്ഷം വന്‍ വിജയം കൈവരിക്കുകയായിരുന്നു. ഈ യുദ്ധത്തില്‍ ഖുറൈശി സമുദായിക നേതാക്കളായ അബൂജഹലും ഉത്ത്ബത്തും ശൈബത്തും തുടങ്ങിയ കൊമ്പന്മാര്‍ ഉള്‍പ്പെടെ എഴുപതില്‍ പരം ഖുറൈശികള്‍ വധിക്കപ്പെടുകയും അത്ര തന്നെ പേര്‍ ബന്ധിയാക്കപ്പെടുകയും ചെയ്തു. ഒരുപാട് ഗനീമത് സ്വത്തുകള്‍ കൈവരിക്കാന്‍ സാധിച്ചു. മുസ്‌ലിം പക്ഷത്തുനിന്ന് പതിനാല് പേര്‍ ധീര രക്തസാക്ഷിത്വം വരിച്ചു.

അല്ലാഹു ഒരിക്കല്‍ പറയുകയുണ്ടായി 'ബദ്‌രീങ്ങള്‍ ചെയ്തതും ചെയ്യാന്‍ പോകുന്നതുമായ തെറ്റുകള്‍ അവര്‍ക്ക്  പൊറുക്കപ്പെട്ട് കൊടുത്തിരിക്കുന്നു.' ഇതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം ബദ്‌രീങ്ങളുടെ മഹത്വം എത്രയാണെന്ന്. ബദ്‌രീങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുത്ത് ഉന്നത സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. മുസ്‌ലിം ലോകം ഇന്നും അവരെ ആദരിച്ചു വരികയും അവരെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അത് പുണ്യമാണെന്ന് നിരവധി ഹദീസുകളില്‍ കാണാം. ഒരിക്കല്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ കുറെ പെണ്‍കുട്ടികള്‍ ബദ്ര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബിയെ കണ്ടപ്പോള്‍ കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. ആ അവസരം നബി പറഞ്ഞു 'ഇത് നിര്‍ത്തൂ... നിങ്ങള്‍ മുമ്പ് പാടിയത് തന്നെ പാടുവിന്‍' (സ്വഹീഹുല്‍ ബുഖാരി).

ബദ്‌റില്‍ പോരാടിയ ഈ 313 പേരെയും അല്ലാഹുവും അവന്റെ റസൂലും തൃപ്തിപ്പെടുകയും മുഹമ്മദ് നബിയുടെ സമുദായത്തിലെ അതുല്ല്യരായി അവരെ വാഴ്ത്തപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ളത് പകല്‍ പോലെ സത്യമാണ്. ഇതവരുടെ ഖ്യാതിയെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

  ഇന്ന് ഈ മുസ്‌ലിം സമുദായത്തിന് ബദ്ര്‍ നല്‍കുന്നത് വലിയൊരു സന്ദേശമാണ്. കേവലം 313 വരുന്ന ന്യൂനപക്ഷം ആയിരം വരുന്ന ഖുറൈശി സൈന്യത്തെ പരാജയപ്പെടുത്തിയത് അവരുടെ ഈമാനിക ആവേശവും അല്ലാഹുവില്‍ അവര്‍ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസവുമാണ്. ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ  അക്രമണത്തിന് കാരണവും വിശ്വാസത്തില്‍ അപാകത വന്നു എന്നത് തന്നെയാണ്. ഈമാനിക ആവേശം ഉന്നതി പ്രാപിച്ചാല്‍ ഒരു ഭൂരിപക്ഷത്തിനും മുസ്‌ലിം സമുദായത്തെ പരാജയപ്പെടുത്താന്‍ സാധിക്കുകയില്ല എന്നതാണ് ഓരോ റമദാന്‍ പതിനേഴും ബദ്‌രീങ്ങളിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

Post a Comment

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget