Latest Post






ഓരോ മനുഷ്യനും വ്യത്യസ്തങ്ങളായ അറിവുകളെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ പല  മേഖലകളിലേക്ക് അവന്‍ എത്തിച്ചേരുന്നു. എന്നിരുന്നാലും മുഖ്യമായി കണക്കാക്കേണ്ട വിഷയങ്ങളെ മറന്നു പോകുന്നുണ്ടോ എന്നു കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം സമകാലിക ചുറ്റുപാടുകള്‍ അത്തരത്തില്‍ മാറികൊണ്ടിരിരക്കുകയാണ്. വിദ്യാഭ്യാസം ഒരു കച്ചവട ചരക്കു പോലെ മാറുകയാണെന്നത് സംശയമില്ല. ഇക്കാല ഘട്ടത്തില്‍ മത വിദ്യാഭ്യാസം ഒരു മനുഷ്യന് എത്രയേറെ പ്രയോജനവശമാണ് എന്നത് ചിന്താമണ്ഡലങ്ങളില്‍ ഉദിക്കേണ്ട വസ്തുതയാണ്. സമകാലിക ചിന്തകര്‍ വളരെയേറെ പ്രാധാന്യത്തോടു കൂടി തന്നെ അതിനെ നോക്കി കാണുന്നുമുണ്ട്.

 മത വിദ്യാഭ്യാസം അന്നും ഇന്നും

   പണ്ടു കാലങ്ങളില്‍ നില നിന്നിരുന്ന പഠന രൂപങ്ങള്‍ ഇന്ന് വിരളമാണ്. എങ്കിലും അതിനേക്കാളേറെ പുരോഗതികള്‍ ഉണ്ടായത് കൊണ്ട് തന്നെ വളരെ ഉയര്‍ച്ച കൈവരിക്കാന്‍ സമകാലികര്‍ക്ക് സാധിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ വലിയ വ്യത്യാസങ്ങള്‍ നമുക്ക് കാണാനാകും. വിദ്യാഭ്യാസ ലക്ഷ്യം തന്നെ അതിനെ സൂചിപ്പിക്കുന്നുണ്ട്. മത വിദ്യാഭ്യാസം അതും നിന്ന കാലഘട്ടത്തല്‍ ചെറു പ്രദേശങ്ങളില്‍ കുറഞ്ഞ അളവില്‍ അവിടുത്തേ അധ്യാപകര്‍ പറഞ്ഞ് കൊടുത്തിരുന്നു. അന്നു കാലങ്ങളില്‍ കേട്ട് പഠിക്കുക എന്ന സമ്പ്രദായം വളരെ പ്രാധാന്യമേറിയതായിരുന്നു.
 മദ്രസ പഠനം നടത്തുവാന്‍ വളരെ നേരത്തെ ഒരുങ്ങി തയ്യാറാകുകയും കൃത്യ സമയത്ത് ചേരുകയും പഠിക്കുകയും ചെയ്ത അവസ്ഥ ഇന്ന് പലയിടത്തും അപൂര്‍വമാണ്. ചില അവികസിത പ്രദേശങ്ങളില്‍ മത വിദ്യാഭ്യാസത്തിന്റെ പ്രാമുഖ്യത എത്താതിരിക്കുകയും അതിനുള്ള സന്ദര്‍ഭങ്ങള്‍ ഒരുമിച്ച് കൂടാത്തതും ഒരു കാലത്ത് മതവിദ്യാഭ്യാസം ആ നാടുകളില്‍ നിന്ന് അന്യം നിന്നു. പക്ഷെ ഇന്ന് ഇ്ത്തരം വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം അതിനുള്ള സന്ദര്‍ഭങ്ങള്‍ മികച്ച രീതിയില്‍ തന്നെ ജനങ്ങള്‍ എത്തി കഴിഞ്ഞിരിക്കുന്നു. ചെറു പ്രദേശങ്ങളില്‍ പോലും മത പഠനത്തിന്റെ അനിവാര്യത മനസ്സിലാക്കുന്ന വ്യക്തിത്വങ്ങള്‍ ഉറവെടുത്തത് ഉപകാര പ്രദമായി മാറുന്ന കാഴ്ചയാണ് സമകാലിക ലോകം കാണുന്നത്.

    മത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

    ഇന്നു കാലത്ത് വര്‍ധിച്ച് വരുന്ന അപകട മേഖലകള്‍ തരണം ചെയ്യണമെങ്കില്‍ മതത്തെ കുറിച്ചുള്ള ബോധം അനിവാര്യമാണ്. നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പഠിപ്പിക്കുന്നത് മതമാണ്. ആ മതത്തെ പഠിപ്പിക്കുന്ന  പ്രാഥമിക വിദ്യാഭ്യാസം നേടിത്തരുന്ന മദ്രസ പോലോത്ത സ്ഥാപനങ്ങള്‍ വെളിവാക്കി തരുന്നത് അതിന്റെ പ്രതാപത്തെയാണ്. പണ്ഡിതന്മാര്‍ യഥാര്‍ത്ഥ പണ്ഡിതരായത് ഇത്തരം വിദ്യാഭ്യാസത്തിന്റെ മുഖ്യത മനസ്സിലാക്കിയത് കൊണ്ടാണ്. വിദ്യാഭ്യാസം ലാഭം നേടാനുള്ള ഉപാദിയായി മാറി കൊണ്ടിരിക്കന്ന സമകാലിക സന്ദര്‍ഭത്തില്‍ മത വിദ്യാഭ്യാസം ഒരു മനുഷ്യന് നല്‍കുന്ന ഉണര്‍വ് ചെറുതൊന്നുമല്ല.
 അല്ലാഹുവിന്റെ പ്രവാചകന്‍ (സ) ഹിറാ ഗുഹയില്‍ ധ്യാനനിരതനായി ഇരിക്കുന്ന സമയത്ത് ജിബ് രീല്‍ (അ) വരുകയും പുണ്യമായ വഹ് യിന്റെ ഇല്‍മ് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. അങ്ങനെ അല്ലാഹു നബി തങ്ങള്‍ക്ക് അറിയിച്ച് കൊടുത്ത ആ ശുദ്ധമായ അറിവ് പ്രവാചകന്‍ (സ) തങ്ങളുടെ സന്തത സഹചാരികള്‍ക്ക് പകര്‍ന്നു കൊടുത്തു. അങ്ങനെ ഒരു ചങ്ങലയായി ഇന്ന് നമ്മുടെ ഉസ്താദുമാരില്‍ എത്തി നില്‍ക്കുന്നു. അതു കൊണ്ട് തന്നെ മത വിദ്യാഭ്യാസം നാഥനിലേക്കുള്ള ഒരു മതമാണ് എന്നതില്‍ സംശയമില്ല. ഒരു യഥാര്‍ത്ഥ പാന്ധാവ് അത് വരച്ചിടുന്നുണ്ട്. പക്ഷെ ഈ പ്രാധാന്യം മനസ്സിലാക്കാതെ എത്രയോ പേര്‍ ലഹരിക്കും മറ്റു ശരീരേഛകള്‍ക്കും വഴങ്ങി സ്വന്തത്തെ നശിപ്പിച്ച് കളയുന്നു എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്.


 മനുഷ്യനെ തന്റെ മ്ലേഛമായ സ്വഭാവ ഭൂഷ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന ആയുധമാണ് മത വിദ്യാഭ്യാസം. അത്രത്തോളം മഹത്വമുള്ളതു കൊണ്ടു തന്നെയാണ് പ്രവാചകന്‍ (സ) പറഞ്ഞത് 'ചൈനയില്‍ ചെന്നിട്ടാണെങ്കില്‍ നിങ്ങള്‍ അറിവ് പഠിക്കുക' ഈ അറിവ് എന്നും ഉപകാര പ്രദമാണ് എന്നത് അതിനെ ആസ്വദിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്ന സത്യമാണ്. ജനനം മുതല്‍ ഓരോരുത്തരും പഠിക്കുകയാണ്. പക്ഷെ ഉപകാരം ലഭിക്കുന്നത് മതവിദ്യാഭ്യാസത്തിലൂടെയാണ്. അതിനുള്ള വഴി കാണിച്ച് തരുന്ന മാതാപിതാക്കള്‍ സര്‍വ്വരുടേയും ആദ്യ അധ്യാപകരാണ്. പിന്നീട് ഗുരു, ദൈവം, എന്ന്. ഈ വര്‍ഗീകരണം ഒരുപാട് പ്രാധാന്യങ്ങളെ പ്രത്യക്ഷപ്പെടുത്തി തരുന്നു. അത് നേടിയെടുക്കുക എന്നത് എല്ലാവര്‍ക്കും സാധ്യതയാണ്. ആധുനികതയില്‍ മികച്ച രീതിയില്‍ പുറത്തെടുത്ത് കൊണ്ട് മത വിദ്യാഭ്യാസത്തെ ഉയര്‍ച്ചയിലേക്ക് ആനയിക്കേണ്ടതുണ്ട്. അതിനായി ചുറ്റുപാടുകളില്‍ മത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് ഇന്നു കാലത്ത് അതിന്റെ പ്രസക്തി വര്‍ധിച്ച് വരുകയാണ്. കൂടുതല്‍ തെറ്റുകളിലേക്ക് സമൂഹം അധഃപതിച്ച് കൊണ്ടിരിക്കുമ്പോള്‍ അതിന് മറയിടാന്‍ മതവിദ്യാഭ്യാസം സഹായിക്കുന്നു എന്നത് ഉറപ്പാണ്.

     പ്രയത്‌നിക്കുക

  മത വിദ്യാഭ്യാസത്തിന്റെ പ്രമുഖ്യത മനസ്സിലാക്കിയ മനുഷ്യര്‍ അതിന്റെ സമകാലിക അവസ്ഥ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ഈ വിദ്യാഭ്യാസത്തിന്റെ വികസനത്തിനാവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നത് ഒരു മുതല്‍ കൂട്ടായി മാറുന്നതാണ്. കര്‍മ്മ മേഖലയില്‍ ശോഭിക്കുന്നത് ഭൗതിക കൊണ്ടാണെങ്കിലും ഹൃദയത്തിന്റെ അടുക്കല്‍ പ്രാധാന്യം മത വിദ്യാഭ്യാസത്തിനാണ്. അത് ഉള്‍ക്കൊള്ളുകയും ഹൃദയം ശരിയാക്കി നേരായ മാര്‍ഗല്‍ പ്രവേശിച്ച് നാളേക്ക് ഉപകരിക്കുന്ന മത വിദ്യാഭ്യാസ സംരഭങ്ങളെ ഉന്നതിയിലേക്കെത്തിക്കുവാന്‍ സര്‍വ്വരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് ലോകത്ത് ഉപകാരപ്രദമാണ്.



|മുഹമ്മദ് മുസ്ത്വഫ പുളിക്കല്‍|

തമസ്സില്‍ നിന്നും വെളിച്ചത്തിന്റെ വിഹായസ്സിലേക്ക് വഴി നടത്തിയ വിശുദ്ധ മതമാണ് ഇസ്‌ലാം. ആദിമ മനുഷ്യനും പ്രവാചകനുമായ ആദം നബി(അ) മുതല്‍ പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയായ മുഹമ്മദ് നബി(സ്വ) വരെയുള്ള ലക്ഷത്തില്‍പരം പ്രവാചകന്മാരിലൂടെ അത് പ്രഭ പരത്തികൊണ്ടേയിരുന്നു. മനുഷ്യരാഷിയുടെ രക്ഷയും മാര്‍ഗദര്‍ശിയുമാണ് ഇസ്‌ലാം. അത് ഒരു മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും സന്ദര്‍ഭോചിതമായ ഇടപെടല്‍ നടത്തുന്നു. തന്റെ നഗ്‌നനേതൃങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ബാക്ടീരിയ, അമീബ പോലോത്ത സൂക്ഷ്മമായ ജീവികളില്‍ സസൂക്ഷ്മം ഇടപെടുന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെയാണ്. ഇസ്‌ലാം എന്ന വാക്കു കൊണ്ടര്‍ത്ഥമാക്കുന്നത് തന്നെ ശാന്തി, സമാധാനം എന്നിവയാണ്. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും കരയില്ലാ സമുദ്രങ്ങളായിരുന്ന ദൈവദൂത്മാരിലൂടെ ഇസ്‌ലാമിന്റെ കൈമാറ്റം നടന്നതു കൊണ്ട് തന്നെ മനസ്സിലാക്കാം ഇസ്‌ലാം നല്‍കുന്ന സന്ദേശം എന്താണ് എന്നുള്ളത്. ഇത് ഇസ്‌ലാമിന്റെ വേരുകള്‍ പടര്‍ന്നു പന്തലിക്കാന്‍ മുഖ്യ ഹേതുവായിമാറി എന്ന് വേണം പറയാന്‍. കുറച്ച് കാലം ഇസ്‌ലാം മക്കയിലും മദീനയിലും ഒതുങ്ങിയെങ്കിലും പിന്നീട് ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്കുള്ള അതിന്റെ അനന്തമായ പ്രയാണമാരംഭിച്ചു. അങ്ങനെ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും തുടങ്ങിയ യാത്ര ആഫ്രിക്കയും കടന്ന് യൂറോപ്പിലെത്തുന്നത് ഉസ്മാനിയ ഖിലാഫത്ത് കാലഘട്ടത്തിലാണ്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുആവിയ(റ) ക്കായിരുന്നു. അങ്ങനെ വളരെ ഹൃസ്വമായ കാലയളവിനുള്ളില്‍ തന്നെ ഇസ്‌ലാം യൂറോപ്പില്‍ ആകമാനം വ്യാപിച്ചു. തുടക്കത്തില്‍ തന്നെ ജനങ്ങള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ട്ടരായത് ഇതിന് കൂടുതല്‍ സഹായകമായി. യൂറോപ്പില്‍ 7% മുസ്‌ലിംകള്‍ അധിവസിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൂടാതെ ലോകത്ത് അധിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മതം എന്ന പ്രശസ്തി കൂടി ഇസ്‌ലാം സ്വായത്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാമിന്റെ മന്ദമാരുതന്‍ പടിഞ്ഞാറിലേക്ക് വീശുമ്പോള്‍...
ശത്രുക്കളുടെ കുതന്ത്രങ്ങളെ അതിജയിച്ചു കൊണ്ട് പ്രപഞ്ചനാഥന്റെ ഇസ്‌ലാമിന്റെ മന്ദമാരുതന്‍ പടിഞ്ഞാറിന്റെ മണ്ണിലേക്കും വീശി. അതെ, പടിഞ്ഞാറില്‍ നവോത്ഥാനത്തിന്റെ ശോഭ തെളിഞ്ഞു. പടിഞ്ഞാറിന്റെ ഇരുളടഞ്ഞ മേഘങ്ങള്‍ മായാന്‍ തുടങ്ങി. അവരുടെ   അടിസ്ഥാനപരമായ കാര്യങ്ങളില്‍ നവോത്ഥാനത്തിന്റെ സൂര്യന്‍ ഉദിക്കാന്‍ തുടങ്ങി. അവര്‍ പാശ്ചാത്യ സംസ്‌കാരത്തെ ബഹിഷ്‌കരിച്ച് ഇസ്‌ലാമിന്റെ സംസ്‌കാരത്തെ ചേര്‍ത്തുപിടിച്ചു. ഇത്തരം നിലപാട് മുസല്‍മാന്റെ സംസ്‌കാരത്തിനെ സംരക്ഷിക്കുന്നതിന് ഭാഗമായി നമുക്ക് മനസ്സിലാക്കാം.
പ്രമുഖ ഫ്രഞ്ച് സോഷ്യോളജിസ്റ്റ് ഗില്ലസ് കെപല്‍ (Gilles kepal) പടിഞ്ഞാറ് പ്രത്യേകിച്ചും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിന്റെ വളര്‍ച്ച ശക്തിയാര്‍ജ്ജിക്കുന്നു എന്ന് സമര്‍ത്ഥിക്കുന്ന തന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥത്തിന് പേര് നല്‍കിയത് തന്നെ 'Allah in the west' എന്നാണ്. വിശുദ്ധ ഇസ്‌ലാമിനെ നിരന്തരം അവഹേളിച്ച് കൊണ്ടിരിക്കുന്ന 1970 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഫ്രഞ്ച് മാഗസിന്‍ ചാര്‍ലി ഹെബ് ഡൊ (Charlie hebdo) ഇസ്‌ലാമിനെതിരെ ദുഷ്പ്രചരണങ്ങള്‍ പ്രചരിപ്പിച്ച് വിമര്‍ശിക്കുമ്പോഴും പരിശുദ്ധ ഖുര്‍ആനിന്റെ സൂക്തത്തെ അന്വര്‍ത്ഥമാക്കും വിധം ഇസ്‌ലാമാകുന്ന പടുവൃക്ഷത്തിന്റെ വേരുകള്‍ പടര്‍ന്ന് പന്തലിച്ച് കൊണ്ടേയിരിക്കുന്നു. 'ഇസ്‌ലാമിന്റെ വിരോധികള്‍ അല്ലാഹുവിന്റെ പ്രകാശത്തെ അവരുടെ വായ കൊണ്ട് ഊതിക്കെടുത്താന്‍ ഉദ്ദേശിക്കുന്നു. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു' (വി:ഖു 61:8).
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാം വിരുദ്ധ തീവ്ര മതേതരത്വത്തിന്റെ പറുദീസയായി അറിയപ്പെടുന്ന ഫ്രാന്‍സിലാണ് ഇന്ന് കൂടുതല്‍ ഇസ്‌ലാം ആശ്ലേഷണം നടന്ന് കൊണ്ടിരിക്കുന്നത്. 66 ദശലക്ഷമാണ് ഇവിടത്തെ ജനസംഖ്യ .യൂറോപ്പില്‍ കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന രാജ്യം എന്ന പ്രശസ്തി കൂടി ഫ്രാന്‍സ് സ്വന്തമാക്കിക്കഴിഞ്ഞു. ഫ്രാന്‍സിലെ താഴേക്കിടയിലുള്ളവരല്ല ഇസ്‌ലാമിനെ വാരിപ്പുണരുന്നത് മറിച്ച് വിജ്ഞാന ലോകത്തെയും കായിക ലോകത്തെയും സംഗീത ലോകത്തെയും വലിയ വലിയ അപ്പോസ്തലന്മാരാണ് ഇസ്‌ലാമിന്റെ തീരത്ത് അഭയം തേടുന്നത്. ഒരു കാലത്ത് ഏറ്റവും ചര്‍ച്ചയുളവാക്കിയ ഇസ്‌ലാം ആശ്ലേഷണമായിരുന്നു ഫുട്‌ബോള്‍ ലോകത്തിന്റെ ഇതിഹാസം തിയറി ഹെന്റി (Thierry Henry) യുടേത്. 'ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന മാതാപിതാക്കളുടെയും മക്കളുടെയും ഇടയിലുള്ള ഊഷ്മളമായ ബന്ധമാണ് എന്നെ ഇസ്‌ലാമിലേക്ക് പ്രേരിപ്പിച്ച ഛേദോവികാരം' എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഫ്രഞ്ച് ഫുട്‌ബോളറായിരുന്ന സിനഡിന്‍ സിഡാന്‍ (zinedine Zidane) ന്റെയും പൗള്‍ ലാബ്ല്‍ പോഗ്‌ബോ (Paul lablile Pogbo) യുടെയും അവസ്ഥയും തഥൈവ. 2018 ഫിഫ വേള്‍ഡ് കപ്പ് സ്വന്തമാക്കിയ ഫ്രാന്‍സിന്റെ പ്രമുഖ നിരയിലുള്ളത് മുസ്‌ലിം സാന്നിധ്യങ്ങളായിരുന്ന പോഗ്‌ബോയും റയാന്‍ കെന്റി (Ryan kent) യും ആദില്‍ റെമി (Adil Rami) യും നിറഞ്ഞ് നിന്ന താരങ്ങളായിരുന്നു.
ഫ്രഞ്ച്കാരെ പോലെ വിശുദ്ധ ഇസ്‌ലാമിന്റെ ശാദ്ധ്വല തീരത്തേക്ക് ഇംഗ്ലീഷുകാരും വന്നണയാന്‍ തുടങ്ങി. പ്രതിവര്‍ഷം ഇസ്‌ലാം ആശ്ലേഷിക്കുന്നത് 50000 ബ്രിട്ടിഷ്‌കാരാണെന്നും അതില്‍ തന്നെ മൂന്നില്‍ രണ്ടു പേരും സ്ത്രീകളാണെന്നുമുള്ള കണക്കുകള്‍ പ്രതീക്ഷയുളവാക്കുന്നതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ (Tony Blair) ന്റെ സഹോദരി ലോറന്‍ ബൂത്ത് (Louren Booth) ബ്രിട്ടീഷ് പത്രപ്രവര്‍ത്തക എവന്ന റിഡ്‌ലി (Yvonne Ridley) യും ഇവരില്‍ പ്രധാനികളാണ്. ക്രിസ്ത്യന്‍ മതവിശ്വാസിയായ ലോറന്‍ ഇസ്‌ലാമിന്റെ വിശുദ്ധി മനസ്സിലാക്കി ഇസ്‌ലാം പുല്‍കുകയും ഇസ്‌ലാമിനെ പ്രശംസിച്ച് കൊണ്ട് 'എ ബ്രിട്ടിഷ് മുസ്‌ലിം മെമ്മോയര്‍ '(A BRITISH MUSLIM MEMOIR) എന്ന വിശ്വ പ്രസിദ്ധ ഗ്രന്ഥം രചിക്കുകയുമുണ്ടായി. ഇങ്ങനെ നിരവധി വ്യക്തിത്വങ്ങള്‍ ഇസ്‌ലാമിന്റെ കീഴെ അണിനിരന്നു .ഇതെല്ലാം ഇസ്‌ലാം മനുഷ്യനിര്‍മ്മിത മതമല്ല അത് ദൈവിക മതമാണ് എന്നതിനെ ശക്തി കൂട്ടുന്നു.

യൂറോപ്പില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവം
മൂന്നാം ഖലീഫ ഉസ്മാന്‍(റ) ന്റെ കാലത്ത് ഗവര്‍ണര്‍ മുആവിയ(റ) ന്റെ പരിശ്രമത്താല്‍ വിശുദ്ധ ഇസ്‌ലാം ആഫ്രിക്കയിലൂടെ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങളില്‍ എത്തിയിരുന്നു. അമവികള്‍ക്ക് ഗ്രീസിന്റെ കുറച്ച് ഭാഗത്ത് ആധിപത്യം പുലര്‍ത്താനും തദ്ദേശീയരില്‍ ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കാനും സാധിച്ചു.
അബ്ബാസിയ ഭരണകാലത്ത് ഭരണകൂടത്തെ ഭയന്ന് നാടുവിട്ട അമവി വംശജന്‍ അബ്ദുറഹ്മാനിദ്ദാഖില്‍ ഹി:138 ല്‍ ക്ലേശകരമായ യാത്രക്കുശേഷം ആഫ്രിക്കയിലും പിന്നീട് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് സ്‌പെയിനിലെത്തി ഒരു ഭരണകൂടത്തിന് അടിത്തറ പാകി. പ്രവാചകന്‍ മുഹമ്മദ് നബി(സ) ക്ക് ശേഷം കേവലം ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വിസ്തൃതി പശ്ചിമ യൂറോപ്പില്‍ പിറനിസ് പര്‍വ്വതനിരയോളം എത്തിയിരുന്നു.
     എഡി. എട്ടാം നൂറ്റാണ്ടില്‍ അറബികള്‍ സ്‌പെയിനില്‍ ആധിപത്യം സ്ഥാപിച്ചതോടെ ജനങ്ങള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ട്ടരായിക്കൊണ്ടിരുന്നു. വളരെ ഹൃസ്വമായ കാലത്തിനുള്ളില്‍ തന്നെ ഇസ്‌ലാം സ്‌പെയിന്‍ മുഴുവന്‍ വ്യാപിച്ചു. നിരവധി നൂറ്റാണ്ടുകള്‍ ഉന്നതമായ ഒരു നാഗരികത മുസ്‌ലിംകളുടേതായി ഉയര്‍ന്നുവന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഉജ്ജ്വല പ്രഭപരത്തി പരിലസിച്ച് നില്‍ക്കുന്ന കൊര്‍ദോവ പട്ടണവും ഭുവന പ്രശസ്തമായ ജാമിഅഃ കൊര്‍ദോവയുമൊക്കെ അക്കാലത്ത് ഉയര്‍ന്ന് വന്നതാണ്. എഡി: പതിനഞ്ചാം നൂറ്റാണ്ടുവരെ ഇസ്‌ലാമിക വ്യവസ്ഥ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ഒരു ഭാഗത്ത് നിലനിന്നിരുന്നു. ഇസ്‌ലാം പടിഞ്ഞാറ് പശ്ചിമ യൂറോപ്പിലെ പിറനിസ്പര്‍വ്വതനിരകളിലെത്തുമ്പോള്‍ അതിന്റെ കിഴക്കേ അതിര്‍ത്തി ഇന്ത്യയുടെയും ചൈനയുടെയും അതിരുകള്‍ വരെ വ്യാപിച്ചുകിടന്നിരുന്നു. ലോക ചരിത്രത്തില്‍ ഇത്രയും വലിയ ഒരു സാമ്രാജ്യം വേറെ ഉണ്ടായിട്ടില്ല. എഡി: 732 ല്‍ ഫ്രാങ്കുകളുടെ നേതാവ് ചാള്‍സ് മാര്‍ട്ടണ്‍ മുസ്‌ലിം പടയോട്ടത്തിന് വിലങ്ങിട്ടു. തുടര്‍ന്ന് പിറനിസ് പര്‍വ്വതനിര കടന്ന് ഫ്രാന്‍സിന്റെ ഉള്ളിലേക്കുള്ള മുന്നേറ്റം തടയപ്പെട്ടതോടു കൂടി ഇസ്‌ലാമിന്റെ വ്യാപനനത്തിന് നേരിയ വിഘാതം നേരിട്ടു.
നാല് നൂറ്റാണ്ടുകാലം സ്‌പെയിനിലെ മുസ്‌ലിം ഭരണത്തിന് ചരിത്രത്തില്‍ തുല്യതയില്ല. എന്നാന്‍ പിന്നീട് ആഭ്യന്തര സംഘടനകളുടെയും ആഗോള ക്രൈസ്തവ ഗൂഢാലോചയുടെയും ഫലമായി മുസ്‌ലിം വാഴ്ച അധ:പതനാവസ്ഥയിലേക്ക് എത്തുകയും ഒടുവില്‍ എഡി: 1452 ല്‍ ഗ്രാനഡയുടെ പതനത്തോടെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വേരറുകയും ചെയ്തു. എങ്കിലും മുസ്‌ലിംകള്‍ യൂറോപിന്റെ ഒരു ഭാഗത്ത് നിര്‍ണായകമായ  മുന്നേറ്റം നടത്തുകയുണ്ടായി. എഡി: 1453 ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതാണ് പ്രസ്തുത സംഭവം. വിശുദ്ധ ഇസ്‌ലാമിന്റെ മുന്നേറ്റത്തിലും വ്യാപനത്തിനും കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയം ഏറെ സഹായിക്കുകയുണ്ടായി. ഒരു ഭാഗത്ത് സ്‌പെയിനിലും സിസിലിയിലും ഫ്രാന്‍സിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഇസ്‌ലാം നിഷ്‌കാസിതമായപ്പോള്‍ തെക്കു കിഴക്കന്‍ യൂറോപ്പിലും ബാര്‍ഗന്‍ രാജ്യങ്ങളിലും സാമ്രാജ്യ വികസനത്തോടൊപ്പം കടന്നുകയറാനുള്ള അവസരം കൈ വരികയായിരുന്നു.
ഇന്ന് നിരവധി അഭ്യസ്തവിദ്യരായ ആളുകള്‍ ഇസ്‌ലാമിനെ കുറിച്ച് പഠിച്ച് ഇസ്‌ലാമിന്റെ ശാദ്ധ്വല തീരത്തേക്ക് കടന്നു വരുന്നുണ്ട്. ആസ്ത്രിയന്‍ ജൂതപണ്ഡിതനും സഞ്ചാരിയും പത്രപ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ് അസദ് (ലിയോ പോള്‍സ് വേസ്) ഫ്രഞ്ചു ദാര്‍ശനികനായ റ ജാ ഗരോഡി, പോപ്പ് സംഗീതജ്ഞനായിരുന്ന യൂസുഫുല്‍ ഇസ്‌ലാം (കാറ്റ്‌സ്‌റീവന്‍സന്‍) അവരില്‍ പ്രശസ്തരാണ്.

യൂറോപ്പിന്റെ നവോത്ഥാനത്തില്‍ മുസല്‍മാന്റെ പങ്ക്
പതിനെഞ്ചാം നൂറ്റാണ്ടിലെ കോളനിവല്‍ക്കരണവും പതിനാറാം നൂറ്റാണ്ടിലെ നവോത്ഥാനവും പതിനെട്ടാം നൂറ്റാണ്ടിലെ ബോധോദയവും പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവവും ഇരുപതാം നൂറ്റാണ്ടിലെ ലോക മഹായുദ്ധങ്ങളും കമ്മ്യൂണിസവും സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്ന യൂറോപ്പ് എന്നും വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. വൈജ്ഞാനിക മുന്നേറ്റത്തിലും യൂറോപ്പ് ഒരു പടി മുന്നിലായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തും യൂറോപ്പിന് വ്യക്തമായൊരു പാരമ്പര്യമുണ്ട്. സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ തത്വചിന്തകരും പൈഥഗോറസിനെ പോലുള്ള ഗണിത ശാസ്ത്രജ്ഞരും ആര്‍ക്കിമിഡീസിനെ പോലെയുള്ള ഭൗതിക ശാസ്ത്രജ്ഞരും യൂറോപ്പിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ഒമ്പതാം നൂറ്റാണ്ടില്‍ ക്രിസ്തീയ സഭകളും പോപ്പും യൂറോപ്പ് കീഴടക്കിയതോട് കൂടെ യൂറോപ്പില്‍ ഇരുളടഞ്ഞ മേഘങ്ങള്‍ വര്‍ഷിക്കാന്‍ തുടങ്ങി. അവര്‍ മതവിശ്വാസങ്ങളെ ജനങ്ങള്‍ക്കുമേല്‍  അടിച്ചേല്‍പിക്കുകയും ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കോപ്പര്‍നിക്കസ്, ഗലീലിയോഗലീലി തുടങ്ങിയ ഭൗമ ശാസ്ത്രജ്ഞരുടെ ദാരുണാന്ത്യങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. പിന്നീട് ആധുനിക യൂറോപ്പിന് അടിത്തറ പാകിയത് എഡി: 700 ന് ശേഷം യൂറോപ്പിലെത്തിയ മുസ്‌ലിംകളായിരുന്നു. അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന യൂറോപ്പിന്റെ മുഖഛായ മാറ്റിയത് എഡി: 711 ല്‍ സ്‌പെയ്ന്‍ കീഴടക്കിയ ത്വാരിഖ് ബിന്‍ സിയാദിന്റെ കീഴിലുള്ള മുസ്‌ലിം സൈന്യത്തിന്റെ പിന്‍ഗാമികളുടെ അറബിക് ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷയുമായിരുന്നു. ടോളമി ,അരിസ്റ്റോട്ടില്‍ തുടങ്ങിയ ഗ്രീക്ക് തത്വചിന്തകരുടെയും ശാസ്ത്രജ്ഞരുടെയും ആശയങ്ങള്‍ യൂറോപ്പിന് പരിചയപ്പെടുത്തി കൊടുത്തതും മുസ്‌ലിംകളായിരുന്നു. ത്വാരിഖ് ബിന്‍ സിയാദിന്റെ സൈന്യം ആദ്യമായി എത്തിയത് സ്‌പെയിനിലായിരുന്നു. ക്രിസ്തീയ സഭകള്‍ തങ്ങളുടെ സമഗ്രാധിപത്യത്തിന് കീഴില്‍ ഭരിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. അന്ധവിശ്വാസത്തെയും മതതീവ്രവാദത്തെയും എതിര്‍ത്ത് മുസ്‌ലിംകള്‍ യൂറോപ്പിന്റെ മണ്ണില്‍ വിജ്ഞാനത്തിന്റെ വിത്തിറക്കി. ഇതായിരുന്നു യൂറോപ്യര്‍ക്ക് സഖല മേഖലകളിലും വല്ലവാത്മക കണ്ടെത്തെലുകള്‍ക്ക് വഴി തെളിച്ചത്.
    മുസ്‌ലിം ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് മുസ്‌ലിംകളുടെ യൂറോപ്പ് ആക്രമണം എഡി: 711 ല്‍ ത്വാരിഖ് ബിന്‍ സിയാദിന്റ നേത്യത്വത്തില്‍ സ്പയ്ന്‍ കീഴടക്കിയ മുസ്‌ലിം സേനക്ക് മുമ്പില്‍ യൂറോപ്പ് പതറി. തുടര്‍ന്ന് നിരന്തര യുദ്ധങ്ങളിലൂടെ ക്രിസ്ത്യന്‍ സഭകളുടെ ആധിപത്യത്തെ പൂര്‍ണ്ണമായും യൂറോപ്പിന്റെ മണ്ണില്‍ നിന്നും തുടച്ച് നീക്കി. തുടര്‍ന്ന് 700 വര്‍ഷം മുസ്‌ലിംകള്‍ സ്‌പെയ്ന്‍, സിസ്ലി, ഇറ്റലി തുടങ്ങിയ പ്രദേശങ്ങള്‍ ഭരിച്ചു. ഈ 700 വര്‍ഷക്കാലത്തിനുള്ളില്‍ ഗണിത ശാസ്ത്രം, സാഹിത്യം, അച്ചടി, ബോട്ടണി, വൈദ്യശാസ്ത്രം, തത്വശാസ്ത്രം എന്നിവ യൂറോപ്പില്‍ അറബികള്‍ മുഖേന വളര്‍ന്നു കൊണ്ടിരുന്നു
കൊര്‍ദോവ, ഗ്രാനഡ, സെവിന്‍, മവാഗ തുടങ്ങിയ പ്രദേശങ്ങളില്‍ ഇസ്‌ലാമിക സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചു. കൊറോഡയില്‍ ജനിച്ച പ്രശസ്തനായ ഭൂമിശാസ്ത്രജ്ഞന്‍ അല്‍ ബക്രിയുടെ അല്‍ മസാലിക് - വല്‍മമാലിക് എന്ന ഭൂമി ശാസ്ത്ര ഗ്രന്ഥം ഈ ശാഖയില്‍ മധ്യകാലത്ത് രചിക്കപ്പെട്ട സുപ്രധാന ഗ്രന്ഥമായിരുന്നു. യാ കൂത്ത് അല്‍ ഹമവിയുടെ മുഅജമുല്‍ ബുല്‍ദാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷകളായിരുന്നു അക്കാലത്ത് പ്രധാനമായും അവലംബിക്കപ്പെട്ടിരുന്നത്. യൂറോപ്പിലേക്ക് വൈജ്ഞാനിക പ്രവാഹം സൃഷ്ട്ടിച്ച ബൈത്തുല്‍ ഹിക്മ എന്നറിയപ്പെടുന്ന സ്ഥാപനത്തോടനുബന്ധിച്ച് അല്‍ മഅമൂന്‍ ബഗ്ദാദില്‍ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. ഇവിടെ നിന്നായിരുന്നു യൂറോപ്പിലേക്ക് ജ്യോതിശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ ഒഴുകിയത്.
    ഇന്ന് യൂറോപ്പില്‍ പ്രചാരണത്തിലുള്ള ഗോള ശാസ്ത്ര പട്ടികകള്‍ തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് മുഹമ്മദ് ബിന്‍ മൂസാ അല്‍ ഖവാരിസ്മി, അസ്സര്‍ ഖാരി തുടങ്ങിയ മുസ്‌ലിം പണ്ഡിതന്മാരാണ്. ഇങ്ങനെ യൂറോപ്പിന്റെ നവോത്ഥാന ചരിത്രത്തില്‍ മസ്‌ലിംകളുടെ പങ്ക് വിലമതിക്കപ്പെടാനാവാത്തതും അവര്‍ണനീയവുമാണ്...


| മുഹമ്മദ് അബൂബക്കര്‍ വി.പി വള്ളിക്കാപ്പറ്റ |

'അല്ലാഹുവേ.. എന്നോടുള്ള നിന്റെ കരാര്‍ നീ വീട്ടുക. ഈ ചെറു സംഘം ഇവിടെ പരാജയപ്പെട്ടു പോയാല്‍ പിന്നീട് നിന്നെ ആരാധിക്കുന്ന ഒരു മനുഷ്യനും ഈ ഭൂലോകത്ത് ഉണ്ടാവുകയില്ല' എന്ന റസൂലിന്റെ പ്രാര്‍ത്ഥനയുടെ വിജയമാണ് ബദ്ര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഇസ്‌ലാം മര്‍ദ്ദിക്കാനോ ആക്ഷേപിക്കാനോ സ്വത്ത് കവരാനോ അല്ല പഠിപ്പിക്കുന്നത്. 'പിന്നെയെങ്ങനെയാണ് ബദ്ര്‍ യുദ്ധക്കളമായത്? 'മക്കയിലെ പതിമൂന്ന് വര്‍ഷത്തെ ഇസ്ലാമിക പ്രബോധന കാലയളവില്‍ പീഡനങ്ങളും യാതനകളുമെല്ലാം ഏറ്റുവാങ്ങിയെന്നല്ലാതെ പ്രതിരോധിക്കാന്‍ നബിയും സ്വഹാബത്തും അല്‍പം പോലും തുനിഞ്ഞില്ല. എല്ലാം ക്ഷമിച്ചും സഹിച്ചും അല്ലാഹുവിലേക്ക് സ്വയം അര്‍പ്പിച്ചും അവര്‍ അവനില്‍ അളവറ്റ പ്രതീക്ഷയിലായിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ മദീനയിലേക്ക് നാഥന്റെ അനുമതി പ്രകാരം പലായനം ചെയ്തു. കുറച്ചു കാലങ്ങള്‍ക്കു ശേഷം പീഡനങ്ങളും ഭക്ഷണ, കച്ചവട ഉപരോധവുമായി അവിടെയും സ്ഥിതി കാഠിന്യമായപ്പോള്‍ അവര്‍ അല്ലാഹുവിനോട് സഹായം തേടുകയായിരുന്നു.

ഉപരോധമാവാം എന്നുള്ള അല്ലാഹുവിന്റെ കല്പനപ്രകാരം ചില ഉപരോധങ്ങള്‍ ബദറിന്റെ മുമ്പ് അരങ്ങേറി. എട്ട് സൈനിക നീക്കങ്ങള്‍ നടന്നു. അതില്‍ നാലെണ്ണത്തില്‍ നബി (സ്വ) നേതൃത്വം നല്‍കി. മറ്റുള്ളവയ്ക്ക് മുഹാജിറുകളായ സൈനിക തലവന്മാരും നേതൃത്വം നല്‍കി. മക്കയില്‍നിന്ന് മദീനയിലേക്ക് എത്തിയെങ്കിലും ഖുറൈശികള്‍ പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ദുര്‍ബലരായ വൈദികരെയും ഖുറൈശികള്‍ പീഡിപ്പിച്ചു. ഇതിനെല്ലാം ഒരു അറുതി വരുത്താന്‍ ഇടയ്ക്കിടെ ഉണ്ടായ സൈനിക നീക്കങ്ങള്‍ക്ക് സാധിച്ചു.

സ്വത്തും നാടും സമ്പാദ്യവും ഉപേക്ഷിച്ച് നാടുവിട്ട നബി (സ്വ) ക്കും സ്വഹാബത്തിനും പട്ടിണിയും ദാരിദ്ര്യവും അതി കാഠിന്യമായ അവസരത്തിലാണ് തങ്ങളുടെ സ്വത്ത് കൈവരിച്ച് കച്ചവടം ചെയ്ത് വന്‍ ലാഭവുമായി അബൂസുഫിയാനും എഴുപതില്‍ പരം വരുന്ന ഖുറൈശികളും ബദ്‌റില്‍ സംഘടിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. അവരെ തടയുക എന്ന ലക്ഷ്യമൊഴികെ മറിച്ചൊന്നും റസൂല്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ഈ വിവരം അറിഞ്ഞ അബൂസുഫിയാനും സംഘവും ഒരു ദൂതനെ മക്കയിലേക്ക് അയക്കുകയും മുഹമ്മദും സംഘവും നമ്മുടെ സ്വത്ത് കൈവരിക്കാന്‍ വരുന്നുണ്ടെന്നും അവരെ തടയുവാന്‍ വേണ്ടി നാം എത്രയും പെട്ടെന്ന് പുറപ്പെടണം എന്നും അറിയിച്ചു. ഖുറൈശി തലവനായ അബൂജഹലും ആയിരം വരുന്ന ഖുറൈശി പടയണിയും ബദറിലേക്ക് പുറപ്പെട്ടു.  ഞങ്ങള്‍ കടല്‍മാര്‍ഗ്ഗം മക്കയില്‍ പ്രവേശിച്ചിരിക്കുന്നു, നിങ്ങള്‍ തിരിച്ചു വരിക എന്ന് അബൂജഹലിന് അബൂസുഫിയാന്‍ സന്ദേശം നല്‍കി. പക്ഷേ അഹങ്കാരിയായ അബൂജഹല്‍ ഞങ്ങള്‍ ബദ്‌റില്‍ എത്തിയതിനുശേഷം മാത്രമേ മടങ്ങുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു. അങ്ങനെ നബിയും സ്വഹാബത്തും ബദ്ര്‍ മലയുടെ താഴ്വരയിലും ഖുറൈശികള്‍ പുറത്തുമായി തമ്പടിച്ചു. ഹക്കീം എന്ന ഗോത്രം ആദ്യമായി നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളോട് യുദ്ധം ചെയ്യാന്‍ മുന്നോട്ടുവന്നു. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് സ്വഹാബത്ത് യുദ്ധക്കളത്തിലേക്ക് ചാടി വീണു. തദവസരം നബി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു 'ഈ ചെറു സഖ്യത്തെ സഹായിച്ചില്ലെങ്കില്‍ പിന്നെ നിന്നെ ആരാധിക്കാന്‍ ഈ ഭൂമിയില്‍ ആരും ഉണ്ടാവുകയില്ല.' അങ്ങനെ അല്ലാഹുവിന്റെ സഹായത്തോടെ മുസ്‌ലിം പക്ഷം വന്‍ വിജയം കൈവരിക്കുകയായിരുന്നു. ഈ യുദ്ധത്തില്‍ ഖുറൈശി സമുദായിക നേതാക്കളായ അബൂജഹലും ഉത്ത്ബത്തും ശൈബത്തും തുടങ്ങിയ കൊമ്പന്മാര്‍ ഉള്‍പ്പെടെ എഴുപതില്‍ പരം ഖുറൈശികള്‍ വധിക്കപ്പെടുകയും അത്ര തന്നെ പേര്‍ ബന്ധിയാക്കപ്പെടുകയും ചെയ്തു. ഒരുപാട് ഗനീമത് സ്വത്തുകള്‍ കൈവരിക്കാന്‍ സാധിച്ചു. മുസ്‌ലിം പക്ഷത്തുനിന്ന് പതിനാല് പേര്‍ ധീര രക്തസാക്ഷിത്വം വരിച്ചു.

അല്ലാഹു ഒരിക്കല്‍ പറയുകയുണ്ടായി 'ബദ്‌രീങ്ങള്‍ ചെയ്തതും ചെയ്യാന്‍ പോകുന്നതുമായ തെറ്റുകള്‍ അവര്‍ക്ക്  പൊറുക്കപ്പെട്ട് കൊടുത്തിരിക്കുന്നു.' ഇതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം ബദ്‌രീങ്ങളുടെ മഹത്വം എത്രയാണെന്ന്. ബദ്‌രീങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുത്ത് ഉന്നത സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. മുസ്‌ലിം ലോകം ഇന്നും അവരെ ആദരിച്ചു വരികയും അവരെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അത് പുണ്യമാണെന്ന് നിരവധി ഹദീസുകളില്‍ കാണാം. ഒരിക്കല്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ കുറെ പെണ്‍കുട്ടികള്‍ ബദ്ര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബിയെ കണ്ടപ്പോള്‍ കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. ആ അവസരം നബി പറഞ്ഞു 'ഇത് നിര്‍ത്തൂ... നിങ്ങള്‍ മുമ്പ് പാടിയത് തന്നെ പാടുവിന്‍' (സ്വഹീഹുല്‍ ബുഖാരി).

ബദ്‌റില്‍ പോരാടിയ ഈ 313 പേരെയും അല്ലാഹുവും അവന്റെ റസൂലും തൃപ്തിപ്പെടുകയും മുഹമ്മദ് നബിയുടെ സമുദായത്തിലെ അതുല്ല്യരായി അവരെ വാഴ്ത്തപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ളത് പകല്‍ പോലെ സത്യമാണ്. ഇതവരുടെ ഖ്യാതിയെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

  ഇന്ന് ഈ മുസ്‌ലിം സമുദായത്തിന് ബദ്ര്‍ നല്‍കുന്നത് വലിയൊരു സന്ദേശമാണ്. കേവലം 313 വരുന്ന ന്യൂനപക്ഷം ആയിരം വരുന്ന ഖുറൈശി സൈന്യത്തെ പരാജയപ്പെടുത്തിയത് അവരുടെ ഈമാനിക ആവേശവും അല്ലാഹുവില്‍ അവര്‍ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസവുമാണ്. ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ  അക്രമണത്തിന് കാരണവും വിശ്വാസത്തില്‍ അപാകത വന്നു എന്നത് തന്നെയാണ്. ഈമാനിക ആവേശം ഉന്നതി പ്രാപിച്ചാല്‍ ഒരു ഭൂരിപക്ഷത്തിനും മുസ്‌ലിം സമുദായത്തെ പരാജയപ്പെടുത്താന്‍ സാധിക്കുകയില്ല എന്നതാണ് ഓരോ റമദാന്‍ പതിനേഴും ബദ്‌രീങ്ങളിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget